കണ്ണൂര്‍ മോഡല്‍ ചാക്കിട്ട് പിടുത്തം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറെടുക്കുന്നു. കണ്ണൂരില്‍ നടത്തിയ ഓപ്പറേഷന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതാണ് സംസ്ഥാന നേതൃത്വത്തിനെ പദ്ധതി വ്യാപകമക്കാന്‍ പ്രേരിപ്പിക്കുന്നത്.
കണ്ണൂരില്‍ സിപിഎമ്മില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും അണികളെ എത്തിച്ച് ബിജെപി, സിപിഎമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുക തന്നെയാണ് ചെയ്തത്. നൂറോളം ആളുകള്‍ ബിജെപി അംഗത്വം നേടുകയും ചെയ്തതായാണ് വിവരം.
നേരത്തെ ഒകെ വാസുവിനേ അടക്കമുള്ള പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് എത്തിച്ച ബിജെപിയെ ഞെട്ടിച്ച സിപീമ്മിനെതിരെ സംസ്ഥാനത്ത് പലഭാഗത്ത് നിന്നും സമാനമായ ചടങ്ങുകള്‍ സംഘടിപ്പിച്ച് ബിജെപിയും തിരിച്ചടിച്ചിരുന്നു എങ്കിലും ഇത്രക്കങ്ങ് വിജയിക്കുന്നത് ഇതാദ്യമായാണ്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതും ഇതില്‍ നിന്ന് ഊര്‍ജ്ജം കൈക്കൊണ്ടാണ്. അടുത്ത മാസം തിരുവനന്തപുരത്ത് വിപുലമായ സ്വീകരണ സമ്മേളനം സംഘടിപ്പിക്കാനും സംസ്ഥാന നേതൃത്വത്തിന് നീക്കമുണ്ട്.
സിപിഐ(എം) ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ ഉള്‍പ്പെടുത്തി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കുമെന്നാണ് സൂചന. വിവിധ പാര്‍ട്ടികളിലെ അസംതൃപ്തരും വിമതരുമായ പ്രവര്‍ത്തകരെ കണ്ടെത്തി പട്ടിക കൈമാറാന്‍ ഓരോ ജില്ലയില്‍ വിശ്വസ്തരായ ഇരുപതോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇവര്‍ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അണികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്ത്തല ജനറല്‍ ബോഡി യോഗങ്ങളും വിളിക്കും. സംസ്ഥാനത്ത് ബിജെപിക്ക് എട്ട് ലക്ഷം സജീവാംഗങ്ങളാണുള്ളത്. കണ്ണൂര്‍ മോഡല്‍ വിജയിച്ചാല്‍ ഇത് ഇരട്ടിയായേക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.