കേരളത്തില്‍ ബിജെപി ഒന്നാമത്തെ പാര്‍ട്ടിയാകും, വളം ഇട്ട് കൊടുത്ത് കോണ്‍ഗ്രസ്

Webdunia
വ്യാഴം, 30 ഏപ്രില്‍ 2015 (20:05 IST)
മിസ്ഡ് കോള്‍ മെംബര്‍ഷിപ്പുമായി കേരളത്തിലെ ഏറ്റവും വലിയ ഒന്നാമത്തെ പാര്‍ട്ടി എന്ന തരത്തിലേക്ക് ബിജെപി വളരുമെന്ന് സൂചന. കേരളത്തില്‍എ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തിയാകാത്തതാണ് ബിജെപിക്ക് വളമാകുന്നത്. നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടില്ലാത്ത കേരളത്തില്‍ വന്‍ മുന്നേറ്റമാണ് മെമ്പര്‍ഷിപ്പില്‍ ബിജെപിക്ക് കൈവന്നത്.  ഏതാണ്ട് 22 ലക്ഷം പേര്‍ അംഗങ്ങളായി. അംഗത്വ പ്രവര്‍ത്തനം അവസാനിക്കുമ്പോഴേക്ക് അത് 25 ലക്ഷമാകുമെന്നു പറയുന്നു. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കു ലഭിച്ചത് 18.56 ലക്ഷം വോട്ടാണ്. ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ മെംബര്‍മാരെ ചേര്‍ക്കാന്‍ കേരളത്തിലെ ബിജെപിക്ക് കഴിഞ്ഞു.

അതേസമയം മിസ്ഡ് കോൾ അടിപ്പിച്ചിട്ടാണെങ്കിലും കേരളത്തിൽ 22 ലക്ഷം പേരെ പാർട്ടിയിൽചേർത്തതായി ബിജെപി അവകാശപ്പെടുമ്പോൾ  കേരളത്തില്‍ കേഡര്‍ പാര്‍ട്ടിയായ സിപി‌എമ്മിനും താഴേക്ക് കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനം തകരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ്‌ 15 നു അംഗത്വ പ്രചാരണം അവസാനിക്കാനിരിക്കെ കോണ്‍ഗ്രസ്‌ ഓഫീസുകളിൽ മെംബർഷിപ്‌ പുസ്തകങ്ങൾ കെട്ടിക്കിടക്കുകയാണ്. താഴെക്കിടയിൽ ഇതു കൃത്യമായി വിതരണം ചെയ്യുകയോ അംഗങ്ങളെ ചേർക്കുകയോ ഉണ്ടായിട്ടില്ല.

ഇക്കണക്കിന് പോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രക്രിയ പാടെ സ്തംഭിക്കും. മാർച്ച്‌ 31നു അവസാനിക്കേണ്ട അംഗത്വ പ്രചാരണം മെയ്‌ 15 വരെ നീട്ടിയെങ്കിലും എവിടെയും കാര്യമായി അംഗങ്ങളെ ചേർത്തിട്ടില്ല. അതിനാൽ സംസ്ഥാനത്ത് ഒരു എം.എൽ.എ പോലുമില്ലെങ്കിലും ബി.ജെ.പി കേരളത്തിലും ഒന്നാമത്തെ പാർട്ടി ആകുമെന്ന അവസ്ഥയാണിപ്പോൾ. സംസ്ഥാന കോണ്‍ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പു വേണോ പുന:സംഘടന മതിയോ എന്ന തർക്കമാണ് കോണ്‍ഗ്രസിന്റെ ഈ അവസ്ഥയ്ക്ക് കാരണം.

എത്രയും വേഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംവിധാനം പാടെ ദുര്‍ബലമാകും. ഇത് ആത്യന്തികമായി ഇടതുപക്ഷത്തിനും ബിജെപിക്കുമാകും ഗുണം ചെയ്യുക. എഐസിസി ഷെഡ്യൂൾ പ്രകാരം മെയ്‌ 25 നു ജില്ലകളിൽ പ്രാഥമിക അംഗങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണം. കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ ജൂലൈ 31നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകണം.ഇതൊന്നും ഇപ്പോഴത്തെ അവസ്ഥയിൽ നടക്കാൻ യാതൊരു സാധ്യതയുമില്ല.