ഫലകത്തില്‍ ബിജെപി അധ്യക്ഷന്റെ പേര്; ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (13:16 IST)
കഴക്കൂട്ടം ബൈപ്പാസിന്റെ ശിലാഫലകത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പേര് ഉള്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്ക് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചോദ്യത്തിന് ഉത്തരമായാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞത്. മന്ത്രിസഭയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
യു പി എ ഭരണകാലത്ത് ഒരു ശിലാഫലകത്തില്‍ പോലും പി സി സി അധ്യക്ഷന്മാരുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാവരും സ്വയം വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം, സ്വകാര്യ സര്‍വ്വകലാശാലാ വിഷയത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും. അതിനു ശേഷം മാത്രമേ സ്വകാര്യ സര്‍വ്വകലാശാല വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
 
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാലകളുണ്ട്. സംസ്ഥാനത്തിന് സ്വകാര്യ സര്‍വ്വകലാശാലകള്‍ ഗുണകരമാണ്. അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.