Bird Flu: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
എടത്വ, ചെറുതന ഗ്രാമപഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കും. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ 12 ബോര്‍ഡര്‍ ചെക്ക് പോയിന്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
മനുഷ്യരിലും മറ്റു സസ്തനികളിലും ബാധിക്കാന്‍ സാധ്യതയുള്ള അസുഖമാണ് പക്ഷിപ്പനി. കോഴി, താറാവ് എന്നിവയില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടിലും ഫാമുകളിലും വളര്‍ത്തുന്ന കോഴി, താറാവ് എന്നിവയില്‍ അസാധാരണ ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം. കോഴികളില്‍ പനി, തൂങ്ങല്‍, തളര്‍ച്ച എന്നിവയാണ് പക്ഷിപ്പനി വരുമ്പോള്‍ പ്രധാന ലക്ഷണങ്ങളായി കാണിക്കുക.
ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ അടുത്തുള്ള വെറ്ററിനറി ആശുപത്രിയില്‍ ഉടന്‍ അറിയിക്കുക.