യുഡിഎഫ് സർക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി പുതിയ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാനന്‍ഷ്‌ടക്കേസ് ഫയല്‍ ചെയ്യും. ബിജുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്നാണ് ചെന്നിത്തല വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിനുമെതിരെ കോഴ ആരോപണവുമായി ബിജുരമേശ് തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തലയ്ക്കു രണ്ടു കോടി രൂപയും വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിജു ആരോപിച്ചത്.
കെപിസിസിക്ക് പണം നല്‍കിയത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയായിരുന്നു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയത്. അദ്ദേഹത്തിന്റെ സ്‌റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. രസീതോ രേഖകളോ നല്‍കാതെയാണ് ഈ പണം കൈപ്പറ്റിയതെന്നും ബിജു തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു.