കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായി ഉയര്‍ന്നുവന്ന ബാര്‍കോഴ കേസ് അട്ടിമറിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കേസില്‍ വിജിലന്‍സിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍നടപടിയെടുക്കും. കേസില്‍ മാണി കുറ്റക്കാരനാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടും കേസെടുക്കേണ്ടതില്ലെന്ന് എജി നിയമോപദേശം നല്‍കി. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നൽകാൻ മതിയായ തെളിവില്ലെന്ന് വിജിലൻസ് കോടതിയിലെ ലീഗൽ അഡ്വൈസർ സിസി അഗസ്റ്റിനാണ് റിപ്പോർട്ട് നൽകിയത്. ഇന്നലെ വൈകിട്ട് വിജിലൻസ് ആസ്ഥാനത്തെത്തി ഡയറക്ടർ വിൻസൻ എം. പോളിനു റിപ്പോർട്ട് കൈമാറുകയും ചെയ്തു. കേസിൽ തുടർ നടപടി എന്തു വേണമെന്നു വിജിലൻസ് ഡയറക്ടർ അന്തിമമായി തീരുമാനിക്കും.