സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതി ബിജു രാധാകൃഷ്‌ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ഇ പി ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബിജുവിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണ്. തനിക്കെതിരെയുള്ള സി ഡി കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജുവിന്റെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ബിജു രാധാകൃഷ്ണനെ പ്രതിപക്ഷം ഏറ്റെടുക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തനിക്കെതിരെ ബിജു ഇതുവരെയും ആരോപണം ഉന്നയിച്ചിട്ടില്ല.
രശ്മി കൊലക്കേസിലെ അന്വേഷണത്തിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ബിജു രാധാകൃഷ്ണന്‍. ഈ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഇത് കാണിക്കുന്നത്. ഇതില്‍ തനിക്ക് അഭിമാനമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.