സംസ്ഥാനത്ത് മദ്യത്തിന് വെള്ളിയാഴ്ച മുതല്‍ വില കൂടും

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (15:05 IST)
സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതല്‍ വില കൂടും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയും അഞ്ച് ശതമാനം സെസും നാളെ നിലവില്‍വരും. 
 
പുകയില ഉല്‍പ്പന്നങ്ങള്‍, ബിയര്‍, വൈന്‍ എന്നിവയുടെ വിലയും വര്‍ധിക്കും. ഇതില്‍നിന്ന് 1,500 കോടി രൂപയാണ് അധികമായി ട്രഷറിയിലെത്തുക. സ്റ്റാംപ്, രജിസ്ട്രേഷന്‍ ഫീസും വര്‍ധിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്റ്റാംപ് നികുതിയാണ് കൂട്ടിയത്. ഭാഗം, റിലീസ് എന്നിവയ്ക്ക് ഒരു ശതമാനവും ദാനം, സെറ്റില്‍മെന്റ് എന്നിവയ്ക്ക് രണ്ട് ശതമാനവും ആയിരിക്കും ഇനിമുതല്‍ സ്റ്റാംപ് ഡ്യൂട്ടി. 
 
രജിസ്ട്രേഷന്‍ ഫീസ് ഭൂമിവിലയുടെ ഒരു ശതമാനമായിരിക്കും. 25,000 രൂപയെന്ന സീലിംഗ് ഇതോടെ ഇല്ലാതെയാകും. ഭൂമിയുടെ ന്യായവില 50 ശതമാനം കൂട്ടിയതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനവും കൂടും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.