ബീഫ് ഫെസ്‌റ്റ്; വടകര എസ്എന്‍ കോളേജിലും കോട്ടയം സിഎംഎസ് കോളേജിലും സംഘര്‍ഷം

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (16:39 IST)
കോട്ടയം സിഎംഎസ് കോളജിലും വടകര എസ്എന്‍ കോളജിലും എസ്എഫ്ഐയുടെ ബീഫ് ഫെസ്‌റ്റിനിടെ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാർഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിഎംഎസ് കോളേജ് അധികൃതർ തീരുമാനിച്ചു. എസ്എന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്താകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കോട്ടയം സിഎംഎസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റിവൽ നടത്താന്‍ ശ്രമം നടത്തിയത്. എന്നാൽ കോളേജ് പ്രിൻസിപ്പൽ ഡോ റോയ് സാം ഡാനിയൽ ഇതിന് അനുമതി നിഷേധിച്ചതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിടിച്ചു തള്ളിയതായും പ്രിൻസിപ്പലിന്റെ ദേഹത്ത് ബീഫ് വീഴുകയും ചെയ്‌തതായി റിപ്പോര്‍ട്ട് ഉണ്ട്.

സംഭവത്തെത്തുടര്‍ന്ന് പൊലീസ് രംഗത്ത് എത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്‌തു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും ഒഴിഞ്ഞു പോകുകയും ആയിരുന്നു. അതേസമയം, കോളേജിലെ എസ്എഫ്ഐ നേതാക്കൾ വിദ്യാർഥികളെ നിർബന്ധിച്ചാണ് ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നതെന്നും പുറത്തുനിന്നുള്ള മുൻ വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ ആരോപിച്ചു.

ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട തൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെ അനുകൂലിച്ച് സിഎംഎസ് കോളേജ് പരിസരത്ത് ബാനറുകളും സ്ഥാപിച്ചിരുന്നു.