സഭാനേതൃത്വം വടിയെടുക്കും; കേരളാ കോണ്‍ഗ്രസ് ബിജെപിയുമായി അടുക്കില്ല, മാണിക്ക് ജോസഫിനെ ഭയം- താമരയുടെ മോഹങ്ങള്‍ വാടുന്നു

ജിയാന്‍ ഗോണ്‍സാലോസ്
വ്യാഴം, 18 ഫെബ്രുവരി 2016 (15:57 IST)
ബിഡിജെഎസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ കേരളാ കോണ്‍ഗ്രസ് എമ്മുമായി അടുക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും  പിജെ ജോസഫ് ഉടക്കുമെന്ന ഭയവുമാണ് ബിജെപിയുമായി നിലവില്‍ ചങ്ങാത്തമൊന്നും വേണ്ടെന്ന നിലപാടിലെത്താന്‍
പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയെ പ്രരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാക്കള്‍ നിരന്തരം ക്രിസ്തീയസഭകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം അവര്‍ക്ക് അനുകൂലമല്ല. ബിജെപിയുമായി കേരള കോണ്‍ഗ്രസ് (എം) അടുത്താല്‍ പാര്‍ട്ടി പിളരുമെന്ന് വ്യക്തമാണ്. ബാര്‍ കോഴക്കേസിലും മാണിയുടെ രാജിയിലും വ്യക്തമായ നിലപാട് സ്വീകരിച്ച് ഉറച്ചു നില്‍ക്കുന്ന പിജെ ജോസഫിന്റെ നീക്കത്തെ സഭാനേതൃത്വം പോലും ഭയക്കുന്നുണ്ട്. ബിജെപിയുമായി മാണി അടുപ്പം പുലര്‍ത്തുന്ന സാഹചര്യം സംജാതാമായാല്‍ ജോസഫ് വിഭാഗത്തു നിന്നും പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിയമസഭാ തെരഞ്ഞെടുക്ക് പടിക്കല്‍ നില്‍ക്കെ അങ്ങനെയൊരു സാഹചര്യത്തെ നേരിടാന്‍ മാണിയോ ജോസഫോ ഒരുക്കമല്ല.

ഇടതുമുന്നണിയിലായിരുന്ന പിജെ ജോസഫിനെ മാണിയുടെ പാളയത്തിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കത്തോലിക്ക സഭയാണ്. മാണി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കും അടിത്തറയും അന്നും ഇന്നും കത്തോലിക്കസഭയാണ്. അതുകൊണ്ടുതന്നെ ആ സഭയുടെ അംഗീകാരമില്ലാതെ ഒരു തീരുമാനം എടുക്കാന്‍ മാണിക്കോ ജോസഫിനോ കഴിയില്ല. ദേശിയതലത്തില്‍ ക്രിസ്‌ത്യന്‍ സഭയ്‌ക്കും വൈദികര്‍ക്കും നേരെ ബിജെപിയും ആര്‍ എസ് എസും നടത്തുന്ന അതിക്രമങ്ങള്‍ ഇവിടെയും പ്രശ്‌നമാകുമെന്നതാണ് ബിജെപിയെ വലയ്‌ക്കുന്ന പ്രശ്‌നം.

ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദവി നല്‍കി കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടാമെന്ന ബിജെപിയുടെ മോഹങ്ങളെ ജോസഫ് നേരത്തെ തല്ലിക്കെടുത്തിയിരുന്നു. അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടാല്‍ തങ്ങള്‍ പാര്‍ട്ടിവിടുമെന്ന കര്‍ശനമായ നിലപാട് ജോസഫ് വിഭാഗം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അതേസമയം, ജോസ് കെ മാണിയെ കേന്ദ്രസഹമന്ത്രി ആക്കുന്നതിനോട് കേരള ബിജെപി നേതൃത്വം അനുകൂലമാണ്. മാണി യുഡിഎഫ് വിട്ടു വന്നാൽ ഇതു എളുപ്പമാകും. മാണിയുമായി ചേർന്ന് മത്സരിക്കുന്നത് തിരുവനന്തപുരത്തെ ചില സീറ്റുകളിൽ ഗുണം ചെയ്യുമെന്നും അവിടുത്തെ ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമായാൽ ജയിക്കാൻ കഴിയുമെന്നുമാണ് ബിജെപി നേതാക്കളുടെ കണക്കു കൂട്ടൽ.

മാണി വിഭാഗത്തിലെ ഭൂരിഭാഗം ക്രിസ്‌ത്യന്‍ സമുദായ അംഗങ്ങളും ബിജെപി ബന്ധത്തിനോട് എതിര്‍പ്പ് പുലര്‍ത്തുന്നവരാണ്. മാണി കോണ്‍ഗ്രസിലെ യുവാക്കള്‍ ബിജെപിയുമായി യാതൊരു അടുപ്പവും ആഗ്രഹിക്കാത്തത് മാണിയുടെ തീരുമാനങ്ങള്‍ക്കും താമരയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയുമാകും. എന്നാല്‍ നിലവില്‍ യുഡിഎഫ് വിടുന്ന കാര്യം കേരള കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഇല്ലെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ശേഷം എന്തുതരത്തിലുള്ള രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.