ബാര്‍ കോഴക്കേസ് അട്ടിമറിക്ക് അണിയറ നീക്കം; മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

Webdunia
ഞായര്‍, 5 ഏപ്രില്‍ 2015 (15:01 IST)
ബാര്‍ക്കോഴ കേസില്‍ അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സംശയം. മൂന്ന് മന്ത്രിമാര്‍ കൂടി ബാര്‍ കോഴയില്‍ ആരോപണവിധേയരായതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ നിലപാട് മാറ്റം. തിരെ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടപോയ വിജിലന്‍സാണ് ഇപ്പോള്‍ മാണിക്കെതിരെ നേരിട്ട് തെളിവില്ലെന്ന രീതിയിലേക്ക് നിലപാട് മാറ്റുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നാണ് വിജിലന്‍സ് പറയുന്നത്.

പ്രധാനസാക്ഷിയായ ബിജുരമേശിന്റെ രഹസ്യമൊഴിമാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് രണ്ടുപേരുടെയും രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടില്ല. ഇതു തന്നെ നിലപാട് മാറ്റത്തിന്റെ സൂചനയാണ്. അതിനു പിന്നാലെ ബിജുരമേശ നല്‍കിയിരിക്കുന്ന ഫോണ്‍ സംഭാ‍ഷണങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് തെളിവായി സ്വീകരിക്കണമോ എന്നാണ് ഇപ്പോള്‍ വിജിലന്‍സ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശവും വിജിലന്‍സ് തേടിയിട്ടുണ്ട്.

ബിജുരമേശ് ഈ ഹാര്‍ഡ് ഡിസ്‌ക്ക് നേരത്തെയും ഉപയോഗിക്കുകയും എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ വിജിലന്‍സിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബ്ദരേഖ പ്രധാന തെളിവാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ബിജു രമേശും മറ്റുള്ളവും നല്‍കിയിരിക്കുന്നത് സാഹചര്യത്തെളിവു മാത്രമാണെന്ന നിലപാടിലാണ് ഇപ്പോള്‍ വിജിലന്‍സ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.