ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെ കോഴക്കേസിന്റെ അന്വേഷണചുമതലയിൽ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റി. ജേക്കബ് തോമസിന് ഉടൻ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ് മാറ്റത്തിന് കാരണമെന്നാണ് ആഭ്യന്തര വകുപ്പ് നൽകുന്ന വിശദീകരണം. കേസില്‍ ഇനി തുടരന്വേഷണം നടത്തുക എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബായിരിക്കും.
തീരുമാനം മന്ത്രിമാരായ കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ അന്വേഷണത്തിനും ബാധകമായിരിക്കും. മന്ത്രി കെ. ബാബുവിനെതിരായ ബാര്‍കോഴ അന്വേഷണം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശ് ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഏഴ് ദിവസം കൊണ്ട് മന്ത്രി ബാബുവിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുതിയ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായാലും കാര്യ്ക്ഷമമാവുകയില്ല. മേയ് 30നകം കേസ് ഒതുക്കിതീര്‍ത്തു രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണു പുരോഗമിക്കുന്നത്.