ആരോപണങ്ങളില്‍ ഉറച്ചുതന്നെയെന്ന് ബിജുരമേശ്

Webdunia
ശനി, 8 നവം‌ബര്‍ 2014 (08:07 IST)
മന്ത്രി കെഎം മാണിക്കെതിരെ ഉന്നയിച്ച ബാര്‍ കോഴ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട് എന്നും ബിജു രമേശ് പറഞ്ഞു.

സമ്മര്‍ദ്ദം കൊണ്ടാണ് അരൂരിലെ ബാറുടമ മനോഹരന്‍ മന്ത്രി കെ.എം.മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ നിന്ന് പിന്‍മാറിയത്. മനോഹരനെ ഭയപ്പെടുത്തിയതാകാമെന്നും എന്നാല്‍ ആര് സമ്മര്‍ദ്ദം ചെലുത്തിയാലും ആരോപണങ്ങളില്‍ നിന്ന് പിന്‍മാറില്ല എന്ന് ബിജു രമേശ് പറഞ്ഞു.

ആദ്യം ഒരാള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യം പുറത്തുവരട്ടെ. ധനമന്ത്രി കെ.എം.മാണിക്ക് ആദ്യം 15 ലക്ഷം രൂപയാണ് കൊടുത്തത്. രണ്ടാമത്തെ ഗഡുവും കോട്ടയത്ത് വെച്ചാണ് കൊടുത്തത്. മൂന്നാമത്തെ ഗഡു തിരുവനന്തപുരത്തുവെച്ചാണ് കൊടുത്തതെന്നും ബിജു രമേശ് പറഞ്ഞു. വിജലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ എല്ലാ തെളിവുകളും കൊടുത്തിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും ബിജു രമേശ് ചോദിച്ചു. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും ബിജു രമേശ് പറഞ്ഞു. അതേ സമയം എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്താന്‍ നോക്കിയാല്‍ പണം വാങ്ങിയ മറ്റ് മന്ത്രിമാരേക്കുറിച്ച് പുറത്തു പറയുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിനോടാണ് ബിജു രമേശ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബാര്‍ വിവാദം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നതായുള്ള സൂചനയ്ക്കിടെയാണ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ബിജു രമേശ് വീണ്ടും രംഗത്തുവന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.