വ്യാജമദ്യം തടയാന്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (14:43 IST)
സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുവാനും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പൊലീസ് ആവശ്യം വേണ്ട മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തിന്റെ അതിര്‍ത്തികളും തീരപ്രദേശങ്ങളും വഴി വ്യാജമദ്യം കടത്തുന്നത് കര്‍ശനമായി തടയണം. പ്രാദേശികമായി വ്യാജവാറ്റ് നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും അത്തരം ശ്രമങ്ങളെ ആരംഭത്തിലെ തടയുകയും വേണം. സംശയമുള്ള സ്ഥലങ്ങളില്‍ രഹസ്യനിരീക്ഷണവും റെയ്ഡും നടത്തണം, വ്യാജമദ്യം കടത്തുന്നവര്‍ക്കെതിരെയും വ്യാജവാറ്റ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടിയെടുക്കണം. അനധികൃതമായി മദ്യം കടത്തുന്നത് തടയാന്‍ ഹൈവേ പട്രോളിങ് ശക്തമാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

ഇതിനൊപ്പം നഗരങ്ങളില്‍ 24 മണിക്കൂറും സഞ്ചരിക്കുന്ന കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കള്ളുഷാപ്പുകള്‍ വഴി വ്യാജമദ്യം വില്‍ക്കുന്നത് തടയാന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തണം. നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പന തടയാനും പ്രത്യേക റെയ്ഡുകള്‍ നടത്തണം. ബിവറേജസ് കോര്‍പ്പറേഷന്‍ പരിസരങ്ങളില്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തണം എന്നും നിര്‍ദ്ദേശമുണ്ട്.

ഓണാഘോഷവേളകളില്‍ വ്യാജമദ്യത്തിനെതിരെ കൂടുതല്‍ ജാഗ്രതയോടെയുള്ള നടപടികള്‍ കൈക്കൊള്ളണം. എക്‌സൈസ്, വനം, ആരോഗ്യം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുമായി ഒത്തുചേര്‍ന്നാവണം ഈ നടപടികള്‍. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെയും ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കണം. ട്രെയിന്‍ മാര്‍ഗ്ഗം മദ്യം കടത്തുന്നതു തടയാന്‍ സംസ്ഥാന റയില്‍വെ പൊലീസും റയില്‍വെ സംരക്ഷണ സേനയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. ഈ പ്രവര്‍ത്തനങ്ങളില്‍ പരാതിയില്ലാതെയും നീതിപൂര്‍വകമായും പൊലീസ് ഇടപെടുമെന്ന് ഉറപ്പുവരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സജീവമായി പങ്കെടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.