മാണി രാജിവെയ്ക്കണം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനൊരുങ്ങി സിപിഐ

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (11:26 IST)
ബാര്‍ കോഴ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ധനമന്ത്രി കെഎം മാണി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സിപിഐ പ്രത്യക്ഷ പ്രക്ഷോഭം നടത്തുമെന്നും പന്ന്യന്‍ വ്യക്തമാക്കി.

യുഡിഎഫ് കോഴ മുന്നണിയായി മാറിയിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ബിസിനസുകാരന്‍ പരസ്യമായി രംഗത്തെത്തി. അതിനാല്‍ കേസില്‍ സർക്കാരിന്റെ വിജിലൻസ് അന്വേഷണം വിശ്വാസ്യയോഗ്യമല്ലെന്നും ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ഉചിതമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ധനകാര്യവകുപ്പില്‍ നടക്കുന്ന കുത്തഴിഞ്ഞ ഭരണത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മാണി തകര്‍ത്തു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ സാധാരണക്കാരനു മുകളില്‍ നികുതി ചുമത്തുകയാണ് നിലവിലെ ധനകാര്യ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.

കോടി കൊടുത്തെന്ന് ബിജു രമേശൻ ഉറപ്പിച്ച് പറയുമ്പോൾ ഇക്കാര്യത്തിൽ വിശ്വാസയോഗ്യമായ അന്വേഷണം നടത്തുന്നതിന് കെഎം മാണി രാജി വയ്ക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് പന്ന്യൻ വ്യക്തമാക്കി. മുന്നണി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണിതെന്നും സിപിഎമ്മിനെ പന്ന്യന്‍ ഓര്‍മപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.