ബാറില്‍ കുടുങ്ങി നിയമസഭ; നയത്തില്‍ പ്രായോഗിക മാറ്റമെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 3 ഡിസം‌ബര്‍ 2014 (10:45 IST)
സര്‍ക്കാരിന്റെ മദ്യനയം വീണ്ടും നിയമസഭയില്‍ ചര്‍ച്ചാവിഷയമായി. വിഷയത്തില്‍ ഇന്നലെ ഹൈക്കോടതി നടത്തിയ ഇടപെടല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തോമസ് ഐസക് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. ബാര്‍ കേസിലെ കോടതിവിധി യാദൃശ്ചികമല്ല. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള കുറിപ്പ് തിടുക്കത്തില്‍ തയാറാക്കിയതാണ് എന്നാണ് തോമസ് ഐസക് ആരോപിച്ചത്.

ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയിട്ടില്ല എന്നാണ് മന്ത്രി കെ ബാബു സഭയില്‍ നല്‍കിയ മറുപടി. സാമൂഹിക പ്രതിബദ്ധതയോടെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ലൈസന്‍സ് സംബന്ധിച്ച് കോടതി ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല. നയം ആവിഷ്കരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഗൌരവമുള്ള സാഹചര്യമിപ്പോള്‍ ഇല്ല, മന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷ ബഹളം കനത്തതൊടെ നയത്തില്‍ പ്രായോഗികമായ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി സഭയെ അറിയിച്ചു. എന്നാല്‍ നയത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നയം നടപ്പിലാക്കിയതിലൂടെ വിനോദസഞ്ചാര മേഖലയില്‍ വരുമാനം കുറഞ്ഞു, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉണ്ടായി, അതിനാല്‍ പ്രായോഗികമായ മാറ്റങ്ങള്‍ നയത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.