ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ മാറ്റി നിര്‍ത്തണം: പന്ന്യന്‍

Webdunia
തിങ്കള്‍, 19 ജനുവരി 2015 (15:05 IST)
ബാര്‍ കോഴ ആരോപണം നേരിടുന്ന കെഎം മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ബാറുകള്‍ തുറക്കാനും അടയ്ക്കാനും ബാര്‍ ഉടമകളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന  മാണിയെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാന ബജറ്റ് അവതരണം കോഴവാങ്ങാനുള്ള അവസരമായിട്ടാണ് കെഎം മാണി ഉപയോഗിക്കുന്നത്. തല്‍സ്ഥാനത്ത് നിന്ന് സ്വയം മാറാന്‍ ഒരുക്കമല്ലെങ്കില്‍ അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇടപെട്ട് മാണിയെ മാറ്റി നിര്‍ത്തണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി പിസി ജോര്‍ജും ആര്‍ ബാലകൃഷ്‌ണ പിള്ളയും സംസാരിച്ചതിന്റെ ശബ്‌ദരേഖ പുറത്തു വന്നു. ബാര്‍കോഴ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും എല്ലാം താടിക്ക് കൈയും കൊടുത്ത് മുഖ്യമന്ത്രി കേട്ടിരുന്നെന്നും ഫോണ്‍ സംഭാഷണത്തില്‍ പിള്ള പറയുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും ഇക്കാര്യത്തില്‍ ബിജു സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും പിള്ള ബിജുവിനോട് പറയുന്നുണ്ട്.

പിസി ജോര്‍ജുമായുള്ള സംഭാഷണത്തില്‍, നാലാം തിയതിയോ അഞ്ചാം തിയതിയോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്ന് ആദ്യം പിസി ജോര്‍ജ് പറയുന്നു. എന്നാല്‍ താന്‍ ആ ദിവസം എറണാകുളത്താണെന്നു ബിജു പറയുന്നു. പ്രത്യക്ഷത്തില്‍ മാണിക്ക് ഒപ്പമായിരിക്കുമെന്നു പിസി ജോര്‍ജ് പറയുന്നുമുണ്ട്. നേരിട്ടു കാണാമെന്നു പറഞ്ഞാണു ഫോണ്‍സംഭാഷണം അവസാനിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.