പതിമൂന്നാമത് കേരള നിയമസഭയുടെ പതിനാലാം സമ്മേളനം പുനരാരംഭിച്ചെങ്കിലും ബാര്‍ കോഴക്കേസിനെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ബാർ കോഴക്കേസിൽ സ്പീക്കറുടെ മറുപടിയാണ് സംഭവം ഗുരുതരമാക്കിയത്.
ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്‍തനാക്കി വിജിലൻസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചപ്പോള്‍ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ എൻ. ശക്തൻ വ്യക്തമാക്കിയതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. വിജിലൻസ് റിപ്പോർട്ടിലെ വസ്തുതകൾ സ്പീക്കർ എങ്ങനെ മനസിലാക്കി. ഡയറക്ടർ ഇക്കാര്യങ്ങൾ സ്പീക്കറെ നേരിട്ട് അറിയിച്ചെങ്കിൽ രേഖകൾ സഭയിൽ വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.
ബാർ കോഴക്കേസിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന സ്പീക്കർ എൻ ശക്തന്റെ പരാമർശം പ്രതിഷേധത്തിന് വഴിവെച്ചു. എന്നാല്‍ സ്പീക്കറല്ല സർക്കാരാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതോടെ കേസില്‍ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ പറയുകയായിരുന്നു.
ബാർ കോഴക്കേസിൽ സർക്കാർ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. കോടതിയിൽ റിപ്പോർട്ട് വരുന്നതുവരെ വ്യവസ്ഥാപിത മാർഗങ്ങൾ പിൻതുടരും. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മാണിക്കെതിരായ കുറ്റപത്രം അട്ടിമറിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എസ്. ശർമയാണ് നോട്ടീസ് നൽകിയത്. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് എസ് ശർമ ആരോപിച്ചു. നിയമോപദേശം വിലയ്ക്കു വാങ്ങുകയായിരുന്നു. വിജിലൻസ് ഡയറക്ടറുടെ തലച്ചോറ് മുഖ്യമന്ത്രിയുടേതാണെന്നും ശർമ പറഞ്ഞു.