മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി കേസെടുത്ത വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെ ഡയക്ടര്‍സ്ഥാനത്തുനിന്നും നീക്കാന്‍ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെഎം മാണിക്കെതിരെയുള്ള ബാര്‍ കേസ് എടുക്കാന്‍ ശ്രമിച്ചതിനും, മാണിയെ രക്ഷിക്കുന്നതിനുമായാണ് വിന്‍സന്‍ എം പോളിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നത്. ഇതിനായി ആറ് ഡിജിപിമാരെ നിയമിക്കാന്‍ കേന്ദ്രാനുമതിയില്ലെന്ന കാരണമാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാണിയുടെ രാജിക്കായി നിയമസഭ ബഹിഷ്കരിച്ചെങ്കിലും നിയമനിര്‍മ്മാണത്തിന് പ്രതിപക്ഷം സഹകരിച്ചുവെന്നും കോടിയേരി പറഞ്ഞു. കേരള നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതിനാല്‍ മന്ത്രി മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഇടതുപക്ഷസമരം നിയമസഭയുടെ പുറത്ത് നടക്കുമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ വ്യക്തമാക്കി.