രാജിവെക്കണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല, സത്യം ജനത്തിനറിയാം: കെഎം മാണി

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2015 (11:59 IST)
ബാർ കോഴക്കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ധനമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെഎം മാണി. ആരോപണങ്ങള്‍ സത്യമാണോയെന്ന് ജങ്ങള്‍ക്കറിയാം. ഈ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മാണി വ്യക്തമാക്കി.

അമ്പതു വർഷമായി എന്നെ ജനങ്ങൾക്ക് അറിയാം. വിധി വന്ന സമയത്തെക്കുറിച്ച് ഒന്നും പറയാനില്ല. ബാര്‍ കോഴ കേസില്‍
കെപിസിസി അധ്യക്ഷൻ വിഎം സുധീരനും കോൺഗ്രസ് മുതിർന്ന നേതാവ് എകെ ആന്റണിയും നടത്തിയ പ്രസ്‌താവന അവരുടെ സ്വാതന്ത്രത്തിന് അനുസരിച്ചുള്ളതാണെന്നും മാണി പറഞ്ഞു.

അതേസമയം,  കെ എം മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തി എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. രാജ് ഭവനില്‍ എത്തിയാണ് ഇടതു നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

മാണിക്കെതിരായ ആരോപണത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണിക്കെതിരേ തുടര്‍ സമരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം.