ഇരട്ടനീതി ശരിവെച്ച് മാണി; പ്രതിപക്ഷത്തിന്റെ പ്രസ്‌താവനയെ അഭിനന്ദിച്ചു, സുനില്‍ കുമാറിനെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (16:10 IST)
ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയാണ് നടപ്പാക്കിയതെന്ന വിഎസ് സുനില്‍കുമാറിന്റെ പ്രസ്‌താവനയെ അഭിനന്ദിച്ച് മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണി. അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ കെ മുരളീധരന്‍ സംസാരിക്കുന്നതിനിടെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സഭയുടെ നടുത്തളത്തിൽ പ്രതീകാത്മക സഭ ചേർന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു. മാണിക്കും ബാബുവിനും രണ്ടു നീതിയെന്ന സുനിൽകുമാറിന്റെ പരാമർശമാണ് മാണിയെ സന്തോഷിപ്പിക്കുകയായിരുന്നു.

കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് കോടതി പറഞ്ഞത്. ഇപ്പോഴും സംശയത്തിലായ സീസറിന്റെ ഒരു ഭാര്യയായ ബാബു മന്ത്രിസഭയില്‍ തുടരുകയാണ്. ഇത് ഇരട്ടനീതിയാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയതോടെ മാണി പ്രസ്താവനയെ ഡസ്‌കിലടിച്ച് സ്വീകരിക്കുകയായിരുന്നു.

പിന്നീട് സഭ പിരിഞ്ഞ നേരം സുനില്‍ കുമാറിനെ മാണി കാണുകയും സഭയില്‍വെച്ച് അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു. നന്ദിയുണ്ട്, നിങ്ങളെങ്കിലും അതു പറഞ്ഞല്ലോ എന്നായിരുന്നു മാണിയുടെ പ്രതികരണം. തുടർന്ന് മാണി പ്രതിപക്ഷ നേതാവിനെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ചില പ്രതിപക്ഷ എംഎൽഎമാർ ഈ ദൃശ്യം മൊബൈലിൽ പകർത്തിയിട്ടുണ്ട്.