പിന്നോട്ടില്ല; നിയമനടപടിയുമായി മുന്നോട്ട് പോകും: ബിജു രമേശ്

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (10:55 IST)
ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമർപ്പിച്ച സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി.
 
തനിക്കെതിരെ മാന നഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത ബാബു തന്നെ കേസ് തെളിയിക്കേണ്ട ആവശ്യം തന്നിലേക്ക് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. കേസിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ ഇനിയും ശ്രമിക്കുമെന്നും ബിജു രമേശ് പറഞ്ഞു. 
 
അതേസമയം, വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാം. വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.  ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തുകയും ചെയ്തു. 
ബാബിവുനെതിരെ കേസെടുക്കാനുള്ള തെളിവില്ലെന്ന ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കൊച്ചി 
വിജിലന്‍സ് എസ്പി പികെഎം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
 
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽനിന്നു മന്ത്രി കെ. ബാബു പത്തു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.