ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന ആരോപണം നേരിടുകയും കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുകയും ചെയ്‌ത പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ ഡിജിപി ജേക്കബ് തോമസ് വീണ്ടും ഫേസ്‌ബുക്ക് പോസ്‌റ്റുമായി രംഗത്ത്.
ഭരണഘടനയാണ് നമ്മുടെ വലിയ സമ്പത്ത്. ചിന്തിക്കാനും, എഴുതാനും, സംസാരിക്കാനും, സഞ്ചരിക്കാനും ഭരണഘടന അവകാശം നല്‍കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഭരണഘടനാ ശില്‍പ്പികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ബാർ കോഴക്കേസിൽ സർക്കാരിന് ദോഷമുണ്ടാക്കുന്ന പ്രസ്‌താവനകൾ നടത്തിയെന്നുകാട്ടി നടപടിക്ക് സർക്കാർ ഒരുങ്ങുമ്പോഴാണ് ജേക്കബ് തോമസ് ആദ്യ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇട്ടത്. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്നായിരുന്നു ആ പോസ്‌റ്റ്.
ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസ്താവനകളും ഫയര്‍ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ചോദ്യം ചെയ്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചതിനുമാണ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രണ്ടു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.
എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിലും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്‌തു. താന്‍ സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.