മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊട്ടിഘോഷിച്ച് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയെ പരിഹസിച്ച് മുൻ ചീഫ് വിപ്പ് പിസി ജോർജ് രംഗത്ത്. ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാരിന് അപമാനമാണ്. ഇനിയെങ്കിലും ഈ തറപ്പരിപാടി അവസാനിപ്പിക്കണം. വില്ലേജ് ഓഫീസർ ചെയ്യേണ്ട ജോലിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്കമെന്ന പേരില്‍ നടത്തുന്നത്. യുഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴ കേസുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല.
ധനമന്ത്രി കെഎം മാണിക്കു നേരെ ഉയർന്ന ആരോപണങ്ങള്‍ തന്നെയാണ് ബാബുവിനെതിരെയും ഉയര്‍ന്നത്. എന്നിട്ടും ബാബുവിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് ജോർജ് ചോദിച്ചു. മാണി അവതരിപ്പിച്ചത് കർഷകദ്രോഹ ബജറ്റാണ്. ഇത്തരത്തിലുള്ള ബജറ്റുകള്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലെന്നും ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയില്ല. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നോട് സംസാരിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.