വിജിലന്‍സിന് ആത്മാര്‍ത്ഥയും സത്യസന്ധതയും ഇച്‌ഛാശക്തിയും ഇല്ലെന്ന് നിരീക്ഷിച്ച കോടതി ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചുപൂട്ടാനുള്ള ശ്രമമാണോ എന്നും കോടതി ചോദിച്ചു. കോടതിയെ മണ്ടനാക്കരുതെന്നും തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്‌ജ് പറഞ്ഞു.
അതേസമയം, ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയും ബിജു രമേശിനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. പണം വാങ്ങുന്നയാളും കൊടുക്കുന്നയാളും കുറ്റക്കാരെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ആണ് കോടതി നടത്തിയത്. സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇച്‌ഛാശക്തിയും ഇല്ലാത്ത ഒരു വകുപ്പാക്കി വിജിലന്‍സ് മാറിയിരിക്കുന്നു. ഇച്‌ഛാശക്തി ഉണ്ടായിരുന്നെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‌കാമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് എന്ന് പരോക്ഷമായി പരാമര്‍ശിച്ച കോടതി, കോടതിയെ മണ്ടനാക്കരുത് എന്നും പറഞ്ഞു.
കോടതിയില്‍ വിജിലന്‍സ് ഒരു മാസത്തെ സമയം ചോദിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണെന്നും അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആയിരുന്നു വിജിലന്‍സിന്റെ ആവശ്യം. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.