പ്രമാണം തിരിച്ചു നല്‍കിയില്ല: ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Webdunia
ശനി, 21 ജൂണ്‍ 2014 (15:49 IST)
വായ്പ നല്‍കിയപ്പോള്‍ ഈടായി വാങ്ങിയ അസല്‍ പ്രമാണം തിരികെ നല്‍കാത്തതിന്‌ ബാങ്ക് ഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. അസല്‍ ആധാരവും 10000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചെലവും നല്‍കണം. അല്ലാത്തപക്ഷം ആധാരം തിരികെ നല്‍കാന്‍ കഴിയാത്ത നിലയില്‍ നഷ്ടപ്പെട്ടുപോയെന്നും വസ്തുവില്‍ ബാങ്കിന് യാതൊരു അവകാശങ്ങളും ഇല്ലെന്നുമുള്ള ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റും 25000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചെലവും നല്‍കണമെന്നും പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായി. 
 
അല്ലാത്തപക്ഷം 50,000 രൂപയും വിധി തീയതി മുതല്‍ 10 ശതമാനം പലിശയും ഹര്‍ജിക്കാരന് നല്‍കണം. വസ്തു ഈടുവച്ച് തട്ട കൊച്ചുവിളയില്‍ വീട്ടില്‍ മുരളീധരന്‍ 2011 ല്‍ 75000 രൂപ ഫെഡറല്‍ ബാങ്ക് പറക്കോട് ശാഖയില്‍ നിന്നും ഭവന വായ്പയെടുത്തിരുന്നു. വായ്പ തുകയും പലിശയും 2009 മാര്‍ച്ച് 31ന്‌ അടച്ചു തീര്‍ത്ത ശേഷം പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് തിരിച്ചു നല്‍കാതിരുന്നതിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. 
 
വായ്പക്കാരന്റെ ഭാര്യ 2009 ഏപ്രില്‍ 23നു നല്‍കിയ അപേക്ഷ പ്രകാരം പ്രമാണം തിരിച്ചു നല്‍കിയെന്നും, തിരികെ നല്‍കിയ രേഖകളുടെ കൂട്ടത്തില്‍ പ്രമാണത്തിന്റെ കാര്യം നോട്ടപിശകുമൂലം എഴുതാന്‍ വിട്ടുപോയതാണെന്നുമുള്ള ബാങ്കിന്റെ തര്‍ക്കം തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു കണ്ടാണ് ജേക്കബ് സ്റീഫന്‍ പ്രസിഡന്റും, കെപി പത്മശ്രീ അംഗവുമായ ഫോറത്തിന്റെ ഉത്തരവ്.