മദനിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വെള്ളി, 31 ജൂലൈ 2015 (10:05 IST)
ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നാണ് മദനി ആവശ്യപ്പെട്ടിരിക്കുന്നത്.

വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടുകൊല്ലം വേണ്ടിവരുമെന്ന് കര്‍ണാടകഹൈക്കോടതിയെ വിചാരണക്കോടതി അറിയിച്ചിരിക്കുകയാണ്. വിചാരണ നടക്കുന്ന ദിവസങ്ങളില്‍ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് ഹാജരാക്കണം. പലപ്പോഴും വൈകിയാണ് വിചാരണ തുടങ്ങുന്നത്. വേഗത്തില്‍ സാക്ഷികളെ വിസ്തരിക്കാറില്ല. സമയക്കുറവു കാരണം പലപ്പോഴും സാക്ഷികള്‍ മൊഴിനല്‍കാതെ മടങ്ങുകയാണ് ചെയ്യുന്നത്.

നിലവിലുള്ള കോടതിക്ക് മറ്റു കേസുകള്‍ പരിഗണിക്കുന്നതിനാല്‍ ജോലിഭാരവും കൂടുതലാണ്. ഇതിനാല്‍ ഹര്‍ജിക്കാരന്റെ കേസിന് മുന്‍ഗണന നല്‍കാന്‍ കഴിയാറില്ല. ഇതിനാല്‍ നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാകാനിടയില്ലെന്ന് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക