മത്തി കിട്ടാനില്ല, അയലയാണ് ഇപ്പോഴത്തെ താരം; കേരള തീരത്ത് മത്സ്യസമ്പത്ത് കുറയുന്നതായി റിപ്പോര്‍ട്ട്

ഞായര്‍, 1 മെയ് 2016 (15:07 IST)
കാലാവസ്‌ഥാ വ്യതിയാനവും ജല താപനില ഉയര്‍ന്നതും മൂലം കേരള തീരത്ത് മത്സ്യസമ്പത്ത് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലെ മത്സ്യലഭ്യത കുറഞ്ഞുവരുകയാണെന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്‌ആര്‍ഐ) പുറത്തുവിട്ട സ്‌ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത്.

മത്സ്യലഭ്യതയില്‍ രാജ്യത്ത്‌ ഗുജറാത്തിനും തമിഴ്‌നാടിനും പിന്നില്‍ മൂന്നാംസ്‌ഥാനത്താണ്‌ കേരളം. കാലാവസ്‌ഥാ വ്യതിയാനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി. കേരളത്തിന്റെ പ്രീയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യതയിലാണ് ഏറ്റവും ഇടിവ് വന്നിരിക്കുന്നത്. അതേസമയം, അയലയുടെ ലഭ്യതയില്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

2014ല്‍ രാജ്യത്ത്‌ 3.59 ദശലക്ഷം ടണ്‍ മത്സ്യം ലഭിച്ചപ്പോള്‍ 2015ല്‍ അത്‌ 3.40 ദശലക്ഷം ടണ്‍ ആയി കുറഞ്ഞെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ 2014ലെ മൊത്ത മത്സ്യലഭ്യത 5.76 ലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍, 2015ല്‍ അത്‌ 16 ശതമാനം കുറഞ്ഞ്‌ 4.82 ലക്ഷം ടണ്‍ ആയി. കാലാവസ്‌ഥാ വ്യതിയാനം താല്‍ക്കാലികമാണെന്നും മത്സ്യലഭ്യത വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കുമെന്നും സിഎംഎഫ്‌ആര്‍ഐ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക