അസ്ലം വധക്കേസ്: സി പി എം പ്രവർത്തകനായ മുഖ്യപ്രതി പിടിയിൽ

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (11:41 IST)
നാദാപുരത്ത് യൂത്ത് ലിഗ് പ്രവർത്തകനായ മുഹമ്മദ് അസ്ലമിനെ കൊലചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയും സി പി എം പ്രവർത്തകനുമായ രമീഷാണു പിടിയിലായത്. നാദാപുരം വെള്ളൂർ സ്വദേശിയാണ് ഇയാൾ. അസ്ലമിനെ പിന്തുടർന്ന് കൊലയാളികൾക്ക് വിവരങ്ങൾ കൈമാറിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഷിബിൻ വധക്കേസിൽ കോടതി വെറുതെവിട്ടയാളായിരുന്നു അസ്ലം. ഷിബിന്റെ അയൽവാസിയും സുഹൃത്തുമാണ് പിടിയിലായ രമീഷ് എന്നാണ് ലഭിക്കുന്ന വിവരം.
 
പിടിയിലായ രമീഷിനെ ഇന്ന് നാദാപുരം മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കും. നേരത്തേ രണ്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കുറിച്ച് പൂർണമായ വിവരങ്ങ‌ൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഈ മാസം 12 ന് വൈകിട്ട് 5.30 ഓടെയാണ് വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Next Article