ഭരണനേട്ടങ്ങൾ നിരത്തി യുഡിഎഫും അഴിമതി ഭരണം ഉയർത്തി എൽഡിഎഫും നാടിളക്കി നടത്തിയ പ്രചാരണത്തിനൊടുവിൽ കരതൊടാതെ പോയരണ്ട് സ്ഥാനാര്‍ത്തികളാണ് പിസി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ കെ സി ദാസും, പിഡിപിയുടെ പൂന്തുറ സിറാജും. യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ഇടത് മുന്നണിക്ക് വിജയം ഉണ്ടാക്കി അതുവഴി ഇടത് മുന്നണിയിൽ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പിസി ജോര്‍ജിന്റേത്. ഇതിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ എന്ന സമുദായ നേതാവിനെ കൂടെ കൂട്ടി അരുവിക്കരയിൽ സ്ഥാനാര്‍ഥിയെ നിര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ജോര്‍ജ് കരുനീക്കം നടത്തി.
15,000 വോട്ട് നേടി യുഡിഎഫിനെ തറപറ്റിക്കുമെന്നായിരുന്നു ജോര്‍ജിന്റെ അവകാശ വാദം. എന്നാല്‍ അരുവിക്കരയിൽ സ്ഥാനാർഥികളിൽ ആരെയും തങ്ങൾക്ക് വേണ്ടയെന്ന നിഷേധ വോട്ടായ നോട്ടയ്ക്കും പിന്നിലായി അഞ്ചാം സ്ഥാനത്താണ് ജോര്‍ജിന്റെ സ്ഥാനാര്‍ഥി കെ സി ദാസ് തപ്പിത്തടഞ്ഞെത്തിയത്. ജനകീയ വോട്ടെടുപ്പ് നടത്തി ജോർജ് കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് ദാസ്. എന്നാല്‍ നാടാർ വോട്ടുകൾ പോലും സ്വന്തമാക്കാൻ കഴിയാത്ത ദാസിനു ലഭിച്ചത് വെറും 1197 വോട്ട് മാത്രമാണ്. നോട്ടയ്ക്കാകട്ടെ 1430 പേരും.
ഈ നാണക്കേട് ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതായിത്തീരും. എസ് ഡി പി ഐയുടെ പിന്തുണയോടെ നേടിയ വോട്ടുകൾ മാത്രമാണ് ദാസിന് കിട്ടയതെന്നാണ് യാഥാർത്ഥ്യം. ബാർ കോഴയിൽ കെഎം മാണിയുമായി പിണങ്ങി യുഡിഎഫ് വിട്ട് പുറത്തുവന്ന ജോർജിന് വലിയ തരിച്ചടി തന്നെയാണ് ഇത്. ഇനി ജോർജിന് നിയമസഭാ അംഗത്വവും നഷ്ടമാകുമെന്ന് ഉറപ്പ്. മുൻ ചീഫ് വിപ്പിന് ശക്തമായ തിരിച്ചടി നൽകാൻ ആഗ്രഹിക്കുന്ന കെ എം മാണി ഉടൻ തന്നെ അയോഗ്യനാക്കാനുള്ള അപേക്ഷ സ്പീക്കർക്ക് നൽകും.
നിലവിലെ സാഹചര്യത്തിൽ സ്പീക്കർ അത് അംഗീകരിക്കുകയു ചെയ്യും. അങ്ങനെ ദിവസങ്ങൾക്കുള്ളിൽ തന്നെ ജോർജ് എംഎൽഎയുമല്ലാതെയാകും. ഇതിനെതിരെ ജോർജ് കോടതിയെ സമീപിക്കും. അതും തള്ളിയാൽ പിന്നെ രാഷ്ട്രീയ വനവാസമാകും ഫലം. അയോഗ്യത വന്നാൽ അടുത്ത ആറു വർഷം മത്സരിക്കാൻ കഴയില്ല. ഇതോടെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത സ്ഥിതിയും വന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഒരു പക്ഷേ അയോഗ്യനാക്കും മുമ്പ് ജോർജ് എംഎൽഎ സ്ഥാനം രാജിവയ്ക്കാനും സാധ്യതയുണ്ട്.
തോല്‍വിക്ക് യാതൊരു ന്യായങ്ങളും ജോർജിന് പറയാനാകില്ല. കാരണം ജോർജിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. 2000 വോട്ട് പോലും കാടിളക്കി പ്രചരണം നടത്തിയിട്ടും ജോർജിന്റെ സ്ഥാനാർത്ഥിക്കായില്ല. ഇതു തന്നെയാകും കേരള രാഷ്ട്രീയത്തിൽ പിസി ജോർജിന്റെ പ്രസക്തിക്ക് മങ്ങലേൽക്കാനുള്ള കാരണവും.