അരുവിക്കര ആവേശക്കരയായി; കലാശക്കൊട്ട് വര്‍ണ്ണശബളം

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (17:02 IST)
ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തില്‍ എത്തിയപ്പോള്‍ അരുവിക്കരയ്ക്ക് ഉത്സവപ്രതീതി. നേതാക്കളുടെ റോഡ്‌ഷോയും ചെണ്ടമേളങ്ങളും പാട്ടുകളും ഒക്കെ നിരന്നപ്പോള്‍ ഉത്സവപ്പറമ്പിനു സമമാണ് അരുവിക്കര. ആര്യനാട്, പൂവച്ചല്‍, കുറ്റിച്ചല്‍, അരുവിക്കര, വിതുര, വെള്ളനാട് എന്നിവിടങ്ങളിലാണ് കലാശക്കൊട്ട് നടന്നത്. പടക്കം പൊട്ടിച്ചായിരുന്നു മിക്കയിടങ്ങളിലും കൊട്ടിക്കലാശം അവസാനിപ്പിച്ചത്.
 
ഇടതുമുന്നണിയും വലതുമുന്നണിയും ബി ജെ പിയും കൊട്ടിക്കലാശത്തിന് ആടിത്തിമിര്‍ത്തപ്പോള്‍ സാന്നിധ്യമറിയിച്ച് പി ഡി പിയും അഴിമതിവിരുദ്ധ മുന്നണിയും കൊട്ടിക്കലാശത്തിനെത്തി. രാഷ്‌ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ നേട്ടവും എതിരാളികളുടെ കോട്ടവും വര്‍ണ്ണിച്ചുള്ള പാട്ടുകളും നിരത്തിയപ്പോള്‍ താളമേളങ്ങളുടെ അകമ്പടിയോടെ കലാശക്കൊട്ട് ഗംഭീരമായി.
 
യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്റെ ചിത്രം പതിപ്പിച്ച ടീഷര്‍ട്ട് അണിഞ്ഞെത്തിയ അണികള്‍ ത്രിവര്‍ണ കൊടികള്‍ വാനിലെറിഞ്ഞു. മഴ പെയ്തെങ്കിലും അതൊന്നും ആവേശത്തെ ഒട്ടും കുറച്ചില്ല. മഴയത്ത് ചുവടുകള്‍ വെച്ച് ആടിപ്പാടിയാണ് അണികള്‍ കൊട്ടിക്കലാശം ആഘോഷമാക്കിയത്.
 
ഇടതുമുന്നണിയുടെ അനുയായികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് എത്തിയത്. തൊപ്പികളും ബാന്‍ഡുകളും ചെറിയ കൊടികളും പ്രവര്‍ത്തകര്‍ കൈയില്‍ കരുതിയിരുന്നു. എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും അവരുടെ സര്‍വ്വസന്നാഹങ്ങളും പുറത്തെടുത്താണ് അരുവിക്കരയില്‍ സജീവമായിരിക്കുന്നത്.
 
കോണ്‍ഗ്രസും സി പി എമ്മും ബി ജെ പിയും വിജയപ്രതീക്ഷയോടെ മത്സരിക്കുമ്പോള്‍ വോട്ടു പിടിക്കാന്‍ പി ഡി പിയും സാന്നിധ്യം അറിയിക്കാന്‍ അഴിമതിവിരുദ്ധ മുന്നണിയും ഉണ്ട്. വോട്ടുശതമാനം കൂട്ടുക എന്ന ലക്‌ഷ്യമാണ് പി ഡി പിക്ക് മുമ്പിലുള്ളതെങ്കില്‍ മെച്ചപ്പെട്ട വോട്ടുനില ഉറപ്പു വരുത്തേണ്ടത് അഴിമതി വിരുദ്ധ മുന്നണിയുടെ ആവശ്യമാണ്. സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മുന്നോട്ടുള്ള ഭാവി നിര്‍ണയിക്കുന്നത് മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസിന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണമായിരിക്കും.
 
കൊടിതോരണങ്ങള്‍ കൊണ്ട് നിറങ്ങളില്‍ ആറാടി നില്ക്കുകയാണ് അരുവിക്കര. തെയ്യക്കോലങ്ങളും ചാക്യാര്‍ കോലങ്ങളും അരുവിക്കരയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സജീവപ്രചാരണത്തിന്റെ 29 ദിവസങ്ങള്‍ കടന്നു പോയ അരുവിക്കരയില്‍ ഒരു ദിവസത്തെ നിശ്‌ശബ്‌ദ പ്രചാരണത്തിനു ശേഷം അരുവിക്കര ബൂത്തിലേക്ക് പോകും.
 
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ കൊട്ടിക്കലാശം നടക്കുന്നുണ്ടെങ്കിലും ആര്യനാട് ആണ് പ്രധാന ശ്രദ്ധാകേന്ദ്രം. സജീവപ്രചാരണത്തിന്റെ 29 ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത്. ഇനി വെള്ളിയാഴ്ച നിശ്‌ശബ്‌ദ പ്രചാരണമാണ്. 27നാണ് വോട്ടെടുപ്പ്. മുപ്പതിനാണ് വോട്ടെണ്ണല്‍.