അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പിന്റെ പൂർണ സംഘടനാ ചുമതലയുള്ള വ്യക്തിയാണ് അദ്ദേഹം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഊര്‍ജമായി ശ്രമിക്കുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിന്റെ പൂർണ സംഘടനാ ചുമതലയുള്ള പിണറായി പ്രചാരണവേദികളിൽ നിന്നു വിട്ടുനിൽക്കുന്നത് ചർച്ചയായപ്പോഴാണ് കോടിയേരി നിലപാട് പരസ്യമാക്കിയത്. അതേസമയം, തുടക്കത്തില്‍ പ്രചാരണത്തില്‍ നിന്ന് മാറിനിന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മണ്ഡലത്തില്‍ സജീവമായതോടെ മണ്ഡലത്തിലാകെ വിഎസിന്റെയും വിജയകുമാറിന്റെയും പോസ്റ്ററുകൾ മാത്രമായി. പരസ്യപ്രചാരണത്തില്‍ വിഎസ് യുഡിഫിനെ കടന്നാക്രമിക്കുകയാണ്. ഇതാവാം പിന്നിൽ നിൽക്കാൻ പിണറായിയെ പ്രേരിപ്പിച്ചത്.
വിഎസ് അച്യുതാനന്ദനും മറ്റു പിബി നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി തുടങ്ങിയവരൊക്കെ പരസ്യപ്രചാരണത്തിനായി രംഗത്തുണ്ട്. എങ്കിലും പാർട്ടി സംഘടനായന്ത്രം ചലിപ്പിച്ചു മുഴുവൻ സമയവും പിണറായി മണ്ഡലത്തിൽ തന്നെയുണ്ട്.