അരുവിക്കരയില്‍ ബിജെപിക്കായി സുരേഷ് ഗോപി പ്രചാരണത്തിനെത്തും

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (19:39 IST)
അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് വേണ്ടി വരും ദിവസങ്ങളില്‍ പ്രചാരണത്തിനിറങ്ങുക വന്‍ താരനിര. സുരേഷ് ഗോപിയും മേജര്‍ രവിയും അടക്കമുളളവരാണ് അടുത്ത ദിവസങ്ങളില്‍ രാജഗോപാലിന് വേണ്ടി വോട്ട് ചോദിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തുക. ചൊവ്വാഴ്ച അരുവിക്കരയിലെത്തുന്ന സുരേഷ് ഗോപി മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

എട്ട് പഞ്ചായത്തുകളിലെ ഒമ്പത് സ്ഥലങ്ങളില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉണ്ടാകും. വാഹനപ്രചാരണം, റോഡ് ഷോ, കുടുംബയോഗങ്ങള്‍ തുടങ്ങിയവയില്‍ താരം പങ്കെടുക്കും. കൊല്ലം തുളസി, മേഘ്‌ന, കൃഷ്ണപ്രസാദ്, ഗായത്രി, രേഖ, മഹേഷ് തുടങ്ങിയ താരങ്ങള്‍ നേരത്തെ മുതല്‍ രാജഗോപാലിന് വേണ്ടി പ്രചാരണത്തില്‍ സജീവമാണ്.

സിനിമാ താരങ്ങള്‍ക്കൊപ്പം അവസാന കൊട്ടിക്കലാശത്തിന് കേന്ദ്ര നേതാക്കളായ എല്‍.കെ അദ്വാനി, സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളും എത്തുന്നതൊടെ വലിയൊരു മുന്‍‌തൂക്കമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.  വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ ഒ രാജഗോപാലിന് ലഭിച്ച മുന്‍തൂക്കം വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം.