ഹവാലാ കടത്ത്; 130 എ ടി എം കാര്‍ഡുകളുമായി മുഖ്യകണ്ണി പിടിയില്‍

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (15:11 IST)
ഹവാലാ കടത്ത് സംഘത്തിലെ മുഖ്യകണ്ണി എന്ന നിലയില്‍ പിടികൂടിയ 46 കാരനില്‍ നിന്ന് 130 എ.ടി.എം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു. ചെര്‍പ്പുളശേരി കരുമാനാം‍കുര്‍ശി മഞ്ഞളാങ്ങാടന്‍ സുലൈമാന്‍  എന്നയാളാണ് ഹൈദരാബാദ് പൊലീസിന്‍റെ വലയിലായത്.
 
പല പേരുകളില്‍ എടുത്ത 130 എ.റ്റി.എം കാര്‍ഡുകളുമായി എലിയപ്പറ്റയിലെ വാടക വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ പിടിയിലായത്. വന്‍ ഹവാലാ ഇടപാടുകളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് വെളിപ്പെടുത്തി. പാകിസ്ഥാന്‍ ലോട്ടറി ലഭിച്ചു എന്ന മൊബൈല്‍ സന്ദേശം നല്‍കി ഹൈദരാബാദില്‍ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാള്‍ വലയിലാകാന്‍ കാരണമായത്.
 
കാല്‍ ലക്ഷം രൂപ അക്കൌണ്ടിലിട്ടാല്‍ ലോട്ടറിയുടെ വന്‍ സമ്മാനതുക ലഭിക്കും എന്ന മൊബൈല്‍ സന്ദേശം നല്‍കിയായിരുന്നു തട്ടിപ്പ്. ഇതിനായാണ് ഇയാള്‍ ഇത്രയധികം അക്കൌണ്ടുകള്‍ വ്യാജ പേരുകളില്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ പേരില്‍ അക്കൌണ്ട് തുടങ്ങാന്‍ ഇയാള്‍ 5000 രൂപ വരെ നല്‍കിയിരുന്നു.  
 
വിവിധ അക്കൌണ്ടുകളില്‍ നിന്നായി ഇയാള്‍ പ്രതിദിനം ആറു ലക്ഷം രൂപ വരെ പിന്‍വലിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കൊടുവള്ളി, മഞ്ചേരി എന്നീ പ്രദേശങ്ങളിലെ ചില വ്യക്തികള്‍ക്കാണ് ഇയാള്‍ പണം കൈമാറിയിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. 
Next Article