ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഡല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ മേധാവിയുടെ നിയമനം സംബന്ധിച്ച വിവാദത്തിലാണ് കെജ്‌രിവാള്‍ സര്‍ക്കാരിന് പ്രതികൂലമായ തീരുമാനം ഹൈക്കോടതി കൈക്കൊണ്ടത്.
മുകേഷ്‌കുമാര്‍ മീണയ്ക്ക് അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ മേധാവിയായി തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ പ്രവര്‍ത്തനത്തില്‍ മീണ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പൂര്‍ണ അധികാരം ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ മീണയെ ചുമതലയേല്‍ക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയിലെ ആവശ്യം.
രണ്ടാഴ്ച മുന്‍പ് ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങാണ് മീണയെ നിയമിച്ചത്. എന്നാല്‍, എ എ പി സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. എസ് എസ് യാദവാണ് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ മേധാവിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.