സംസ്ഥാന വ്യാപകമായി നിരവധി ശാഖകള്‍ ആരംഭിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയ ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറായ ശങ്കര്‍ ജി ദാസിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി വേണു ആറന്മുള എന്നയാള്‍ ആറന്മുള പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒട്ടാകെ 33 കോടിയിലേറെ രൂപ ഇടപാടുകാരെ കബളിപ്പിച്ച് ഇയാള്‍ സ്വരൂപിച്ചതായാണു കണക്കാക്കുന്നത്. ഇത്തരത്തില്‍ അറുപതിലധികം പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. നിരവധി കേസുകളില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍റ് ഉണ്ട്. അതേ സമയം ചില കേസുകളില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ആറന്മുള എസ്.ഐ അശ്വിത് എസ് കാരാണ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കോട്ടയത്തു നിന്ന് വലയിലാക്കിയത്. കോട്ടയം ജില്ലയിലെ തോട്ടക്കാട് പരിയരത്ത് വാഴക്കുളത്തു വീട്ടില്‍ ഗോപിദാസ് എന്നയാളുടെ മകനാണു ശങ്കര്‍. കഴിഞ്ഞ ദിവസം വൈകിട്ട് ഇയാളെ കോടതിയില്‍ ഹാജരാക്കി.