‘എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ്‘

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (11:30 IST)
കേരളത്തിലെ കോണ്‍ഗ്രസിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി. 
 
കേരളത്തിലെ കോണ്‍ഗ്രസില്‍ ആരും പൊട്ടിത്തെറി പ്രതീക്ഷിക്കേണ്ട. മദ്യനയം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണ്. അതിന് പ്രാപ്തരായ പരിചയസമ്പന്നരായ നേതാക്കള്‍ കേരളത്തിലുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളൊന്നുമില്ല. പുതിയ മദ്യനയത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കേരളത്തില്‍ വരുന്പോഴെല്ലാം ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും രമേശും മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്താറുണ്ട്. ഡല്‍ഹിയിലാണെങ്കിലും താനും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നുമായിരുന്നു ആന്റണിയുടെ പ്രതികരണം.