മുന്‍ മിസ് കേരള വിജയികളുടെ മരണം; ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നു ! കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിവന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചു മടങ്ങി, അടിമുടി ദുരൂഹത

Webdunia
ശനി, 13 നവം‌ബര്‍ 2021 (10:26 IST)
മുന്‍ മിസ് കേരള മത്സര വിജയികള്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ അടിമുടി ദുരൂഹത. മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് ഒക്ടോബര്‍ 31 ന് വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് അബ്ദുള്‍ റഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്. 
 
പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്നു മടങ്ങുന്ന വഴി ഒരു ഔഡി കാര്‍ തങ്ങളെ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതില്‍ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയും ചെയ്തത്.
 
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമയായ റോയി ആണ് എന്നാണ് പൊലീസിന് സംശയമുള്ളത്. എന്നാല്‍, ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റോയിയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്കിടെ എന്തെങ്കിലും വാക്കേറ്റമുണ്ടായോ എന്നാണ് പൊലീസിന്റെ സംശയം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article