അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

എ കെ ജെ അയ്യർ

ചൊവ്വ, 30 ജൂലൈ 2024 (19:16 IST)
കൊല്ലം : രാഷ്ട്രീയമായി ഏറെ കോളിളക്കം സ്വൃഷ്ടിച്ച അഞ്ചല്‍ രാമഭദ്രൻ കൊലക്കേസിൽ ഏഴ് പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്. ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ.
 
ഈ കേസില്‍ അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമല്‍, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാന്‍, 9-ാം പ്രതി രതീഷ് ,10-ാം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്.രാജീവ് ആണ് വിധി പറഞ്ഞത്.
 
കേസിലെ ഒന്നാം പ്രതി ഗിരീഷ് കുമാര്‍, മൂന്നാം പ്രതി അഫ്‌സല്‍, നാലാം പ്രതി നജുമല്‍ ഹുസൈന്‍, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി 13-ാം പ്രതി റിയാസ് എന്ന മുനീര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും 16, 17 പ്രതികളായ സുമന്‍, സിപിഎം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
 
 കേസിലെ പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി 56 ലക്ഷം രൂപയുടെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍