‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’; അപ്രതീക്ഷിത നീക്കത്തിൽ രാഖി ഞെട്ടി, പിടഞ്ഞു, ചലനമറ്റു

Webdunia
ശനി, 27 ജൂലൈ 2019 (08:23 IST)
ആമ്പൂരിൽ കൊല്ലപ്പെട്ട രാഖിയെ കരുതിക്കൂട്ടിയാണ് പ്രതികളായ അഖിൽ, ആദർശ്, രാഹുൽ എന്നിവർ നെയ്യാറ്റിൻ‌കരയിലേക്ക് വിളിച്ച് വരുത്തിയതെന്ന് റിപ്പോർട്ട്. മൂന്നാം പ്രതി ആദർശിന്റെ റിമാൻഡുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
രാഖി നെയ്യാറ്റിൻ‌കരയിൽ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. നെയ്യാറ്റിൻ‌കരയിലെത്തിയ രാഖിയെ അഖിൽ തന്റെ പുതിയ വീട് കാണിച്ച് തരാമെന്ന് പറഞ്ഞായിരുന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ഒഴിഞ്ഞുപോകാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും തന്റെ ജീവനെടുക്കാനും മാത്രമുള്ള പക അഖിലുനുണ്ടാകുമെന്ന് രാഖി കരുതിയില്ല.
 
അതിനാൽ തന്നെ അഖിൽ വിളിച്ചപ്പോൾ രാഖി കാറിൽ കൂടെ കയറി. വീടിനു മുന്നിലെത്തുമ്പോൾ രാഹുലും ആദർശും ഇരുവരേയും കാത്തുനിൽക്കുകയായിരുന്നു. കാർ നിർത്തിയപ്പോൾ തന്നെ രാഹുൽ പിൻ‌‌സീറ്റിൽ കയറി ‘നീയെന്റെ അനിയന്റെ വിവാഹം മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ട’ എന്ന് പറഞ്ഞ് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. അപ്രതീക്ഷിത നീക്കത്തിൽ രാഖി ഞെട്ടി. എതിർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധരഹിതയായപ്പോൾ മുൻ‌സീറ്റിൽ നിന്നും അഖിൽ പുറത്തിറങ്ങി നേരത്തേ വാങ്ങി വെച്ച പ്ലാസ്റ്റിക് കയർ കൊണ്ട് രാഖിയുടെ കഴുത്തിൽ കയർ കുരുക്കിട്ട് വലിച്ച് മുറുക്കി കൊലപ്പെടുത്തി. ശേഷം കുഴിച്ച് മൂടുകയായിരുന്നു.  
 
കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article