ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി അമല പോളിന് പിന്തുണയുമായി തമിഴ് സിനിമാ താരങ്ങൾ. തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തലവനും നടനുമായ വിശാല്‍ അമലയുടേത് പക്വതയാർന്ന നീക്കമാണെന്ന് പറഞ്ഞു.
‘അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങള്‍. നിന്നെ സല്യൂട്ട് ചെയ്യുന്നു. ലൈംഗികാതിക്രമ കേസുകളില്‍ നിയമത്തെ സമീപിക്കാന്‍ നല്ല ധൈര്യം വേണം. കൃത്യമായ നടപടി സ്വീകരിച്ച പൊലീസിന് നന്ദി'- വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.
ആരുടേയും പേരെടുത്തു പറയാതെ സംഭവത്തില്‍ പിന്തുണയുമായി നടി മഞ്ജിമ മോഹനും രംഗത്തെത്തി. 'പുറത്തുപോകുമ്പോള്‍ പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ വയ്ക്കാന്‍ സഹോദരന്‍ പറയുമായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇവരെ നേരിടാന്‍ അതു പോരെന്നാണ് തോന്നുന്നതെന്ന് മഞ്ജിമ പറഞ്ഞു. സ്ഥിതിഗതികള്‍ മാറുമെന്നും സ്ത്രീയെ വെറുമൊരു ലൈംഗിക വസ്തുവായി കാണാതെ ഒരല്പം ബഹുമാനത്തോടെ കാണുന്ന കാലം വരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും' മഞ്ജിമ വ്യക്തമാക്കി.
ചെന്നൈയിൽ വെച്ച് ഒരു നൃത്തപരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവം. അഴകേശന്‍ എന്ന വ്യവസായി തന്റെ അടുത്തെത്തി അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് അമലാ പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഴകേശനെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
‘മലേഷ്യയിലെ ഒരു പരിപാടിക്കായി നൃത്തപരിശീലനം നടത്തുകയായിരുന്നു ഞാന്‍. പരിശീലനത്തിനിടെ ഞാന്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ എന്റെ അടുത്തുവന്നു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ സംസാരിച്ചു. സെക്ഷ്വല്‍ ഫേവേഴ്‌സ് ആവശ്യപ്പെട്ടു. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു. സുരക്ഷയില്‍ ഭയമുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടത്.’ അമല പറഞ്ഞു.