വില്‍പത്രത്തില്‍ ക്രമക്കേട്; ഗണേഷിനെതിരെ സഹോദരി, ആദ്യം ടേം മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണം

Webdunia
ചൊവ്വ, 18 മെയ് 2021 (11:57 IST)
കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇക്കാരണത്താലാണ് ഗണേഷിനെ ആദ്യ ടേം മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ഗണേഷിനെ മന്ത്രിയാക്കാനായിരുന്നു എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കുടുംബപ്രശ്‌നം തിരിച്ചടിയാകുമെന്നതിനാല്‍ ഗണേഷ് കുമാറിന് രണ്ടാം ടേം നല്‍കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. 
 
പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ കൃത്രിമത്വം കാണിച്ചെന്നാണ് സഹോദരിയുടെ പരാതി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിനാണ് ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചത്. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ട്. വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയത് ഗണേഷ് കുമാര്‍ ആണെന്നാണ് ഉഷ മോഹന്‍ദാസിന്റെ പരാതി. 

തനിക്ക് ആദ്യം ടേം മന്ത്രിസ്ഥാനം വേണമെന്ന് ഗണേഷ് കുമാര്‍ തിങ്കളാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യ ടേം ആന്റണി രാജുവിനും രണ്ടാം ടേം ഗണേഷ് കുമാറിനും ആണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിച്ചു. കുടുംബപ്രശ്‌നം പരിഹരിക്കപ്പെട്ട ശേഷം ഗണേഷിന് മന്ത്രിസ്ഥാനം ഏറ്റെടുക്കാമെന്നാണ് സിപിഎം പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article