മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് അഖില്‍ മാരാര്‍

രേണുക വേണു
ചൊവ്വ, 6 ഓഗസ്റ്റ് 2024 (21:15 IST)
Pinarayi Vijayan and Akhil Marar

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനു അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇപ്പോള്‍ ഇതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന നല്‍കുമെന്നും അഖില്‍ മാരാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കെ.എസ്.എഫ്.ഇയ്ക്കു ലാപ് ടോപ് വാങ്ങാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചത് എന്തിനാണെന്നു ചോദിച്ചാണ് അഖില്‍ മാരാര്‍ നേരത്തെ രംഗത്തെത്തിയത്. ഇതിനുള്ള മറുപടി മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമായി നല്‍കി. അതിനു പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി അഖില്‍ രംഗത്തെത്തിയത്. 
 
' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കെ.എസ്.എഫ്.ഇയ്ക്കു ലാപ് ടോപ് വാങ്ങാന്‍ 81 കോടി 43 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം പല രീതിയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇത് തീര്‍ത്തും തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം നടത്തുന്നതുമാണ്. ഈ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ് വാങ്ങാന്‍ കെ.എസ്.എഫ്.ഇയ്ക്കു നല്‍കിയ തുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ് ടോപ് വാങ്ങാനുള്ള 'വിദ്യാശ്രീ' പദ്ധതിയും 'വിദ്യാകിരണം' പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81 കോടി 43 ലക്ഷം രൂപ കെ.എസ്.എഫ്.ഇയ്ക്കു നല്‍കി. ഇതുവഴി ആകെ 47,673 വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പുകള്‍ ആ ഘട്ടത്തില്‍ നല്‍കാനും സാധിച്ചു,' എന്നാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. 
 
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കുകയാണെന്ന് അഖില്‍ മാരാര്‍ പ്രഖ്യാപിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article