മാലിന്യനിര്‍മാര്‍ജനത്തിനായുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എംബി രാജേഷ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ഓഗസ്റ്റ് 2024 (21:14 IST)
മാലിന്യനിര്‍മാര്‍ജനത്തിനായുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എംബി രാജേഷ്. മാലിന്യമുക്ത കേരളത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോടെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന തമ്പാനൂര്‍ വാര്‍ഡ് ജനകീയസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കാത്തവരെ പൊതുജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. 
ആമയിഴഞ്ചാന്‍ തോട് ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍  മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടാനാണ് ജനകീയ സമിതികള്‍ രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ആമയിഴഞ്ചാന്‍ തോടില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്  സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.  മലയാളികളുടെ സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് ചേര്‍ന്നതല്ല മാലിന്യം വലിച്ചെറിയുന്ന സ്വഭാവമെന്നും,  ആമയിഴഞ്ചാന്‍ തോടില്‍ നിന്നും മാലിന്യ മുക്ത നവ കേരളത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍