കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കരുതെന്ന പൊലീസിന്റെ വാദം അംഗീകരിച്ച അങ്കമാലി കോടതി പ്രതിഭാഗം ആവശ്യപ്പെട്ട 42 തെളിവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
കാറിനുള്ളിലെ ദൃശ്യങ്ങള്‍ നല്‍കില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും മഹസറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും.
കെസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടരും നടി സഞ്ചരിച്ച വാഹനത്തെ കാറില്‍ പിന്തുടര്‍ന്ന ദൃശ്യങ്ങളടക്കമുള്ളവ കോടതിയില്‍ വച്ച് പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. സുനിയെ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്റെ അപേക്ഷ. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു.
കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച പരിഗണിക്കും. ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസില്‍ പൾസർ സുനിയെ അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.