മമ്മൂട്ടിയും മോഹന്‍‌ലാലും നോക്കിയിരുന്നു, നാണക്കേട് സഹിക്കാനാകാതെ രമ്യയും റിമയും പുറത്തേക്കു പോയി - ബഹളം വെച്ചത് ദിലീപിന്റെ അടുപ്പക്കാര്‍!

Webdunia
ചൊവ്വ, 4 ജൂലൈ 2017 (14:15 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയവും ദിലീപിനെ ചോദ്യം ചെയ്ത കാര്യവും ചര്‍ച്ച ചെയ്യാന്‍ ആരും ഉന്നയിച്ചില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ സംഘടനയിലെ അംഗമായ നടി രമ്യ നമ്പീശന്‍ എഴുന്നേറ്റപ്പോള്‍ മറ്റു താരങ്ങള്‍
ബഹളംവച്ച് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നു റിപ്പോര്‍ട്ട്.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു രമ്യ നമ്പീശന്‍ എഴുന്നേറ്റത്. ഇതോടെ ദിലീപിനെ പിന്തുണയ്‌ക്കുന്ന നടിമാര്‍ ബഹളം വയ്‌ക്കുകയും കൂകിവിളി വിളിക്കുകയും ചെയ്‌തു. കൊച്ചിയില്‍ നിന്നുള്ള നടന്മാരും ഇവര്‍ക്ക് പിന്തുണ നല്‍കിയതോടെ രമ്യ പിന്തിരിയുകയായിരുന്നു.

സ്‌ത്രീകളടക്കമുള്ള താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്‌ത സമയത്ത് മുതിര്‍ന്ന നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും നിശബ്ദരായതോടെ രമ്യയ്‌ക്ക് പിന്തുണയുമായി എഴുന്നേറ്റ റിമ കല്ലിങ്കലും പിന്മാറി. ഇതോടെ രമ്യയയും റിമയും മീറ്റിങ്ങ് പൂര്‍ത്തിയാകുന്നത് കാത്തുനില്‍ക്കാതെ മടങ്ങുകയായിരുന്നു.



അതേസമയം, രമ്യ നമ്പീശനെ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ആരും ഉന്നയിച്ചില്ലെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് അറിയിച്ചത്. എന്നാല്‍, ദിലീപിനെ ചോദ്യം ചെയ്തതിനെ കുറിച്ച് വിശദീകരണം വേണമെന്ന രമ്യയുടെ ആവശ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഇന്നസെന്റ് എണീറ്റ് മറുപടി പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കേസ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പൊലീസ് ഒരു തീരുമാനം എടുക്കുമെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് രമ്യയെ കൂടുതല്‍ ഒന്നും സംസാരിക്കാനും ഇന്നസെന്റ് അനുവദിച്ചില്ലത്രേ.
Next Article