നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍

തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (15:52 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിര്‍ണായക വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം.
 
കഴിഞ്ഞ ദിവസം പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല.
 
വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. 
 
വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും കോടതിയില്‍ പറഞ്ഞു. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍