നടിയെ ആക്രമിച്ച സംഭവം; കാവ്യ മാധവന്റെ ‘ലക്ഷ്യ’യില്‍ പരിശോധന നടത്തി

Webdunia
ശനി, 1 ജൂലൈ 2017 (08:35 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാവേലിപുരത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നു പൊലീസ് സൂചിപ്പിച്ചു. അതീവ രഹസ്യമായാണു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
 
കേസ് അന്വോഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസില്‍ പരിശോധന നടത്തിയത്. ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടന്‍ ദിലീപിനെഴുതിയ കത്തില്‍ ‘കാക്കനാട്ടെ ഷോപ്പി’നെ പറ്റി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
 
ഇതു സംബന്ധിച്ചു സുനി വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിന് ശേഷം ഒളിവില്‍പോകും മുന്‍പാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും മൊഴിയില്‍ പറയുന്നുണ്ട്.
Next Article