യുവതിയുടെ ലൈംഗികാരോപണം ഫലം കാണില്ല; കാരണം നിരവധി - പൊലീസ് പറയുന്നത് ഇങ്ങനെ

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (15:26 IST)
മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി നടനും എംഎൽഎയുമായ മുകേഷിനെതിരെ യുവതി ഉന്നയിച്ച  വെളിപ്പെടുത്തലില്‍ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പൊലീസിന് നിയമോപദേശം. കൊല്ലം സിറ്റി പൊലീസ് സര്‍ക്കാര്‍ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്.

മുകേഷിനെതിരെ ആരോപണം ഉന്നയിച്ച കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് കൃത്യം നടന്നതായി പറയപ്പെടുന്ന മുംബൈയിലെ പൊലീസില്‍ രേഖാ മൂലം പരാതി നല്‍കിയിട്ടില്ല. ട്വീറ്റ് ചെയ്‌തു എന്നതു കൊണ്ടു മാത്രം കേസാകില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതിയുടെ ആരോപണം മുകേഷ് നിഷേധിച്ചിരുന്നു.

തന്റെ വെളിപ്പെടുത്തല്‍ രാഷ്‌ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് ടെസും വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article