കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും കേരളക്കര ഇതുവരെ മുക്തമായിട്ടില്ല. ദുരഭിമാനക്കൊല ഇതാദ്യമായിട്ടല്ല കേരളത്തിൽ സംഭവിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ഇതേ ദുരഭിമാനം തന്നെയാണ് മലപ്പുറം സ്വദേശിയായ ആതിര എന്ന 22കാരിയുടെ ജീവനും എടുത്തത്. ദളിത് യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറായതിന്റെ പേരിലാണ് സ്വന്തം അച്ഛൻ തന്നെ ആതിരയുടെ ജീവൻ ഒരു കത്തിയുടെ മുനയിൽ തീർത്തത്.
ദളിത് സമുദായത്തിൽ നിന്ന് ക്രിസ്‌ത്യൻ മതം സ്വീകരിച്ച കെവിനെയാണ് നീനു എന്ന 20 വയസ്സുകാരി പ്രണയിച്ചത്. വീട്ടുകാർക്ക് എതിർപ്പ് ഉണ്ടെന്നറിഞ്ഞിട്ടും പ്രണയത്തിൽ നിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. പിന്നീട് വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും വിവാഹിതരായി. എന്നാൽ, ആ വിവാഹത്തിലൂടെ കെവിന് നൽകേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്തവർ ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും.
നീനുവിന്റെ മാതാപിതാക്കൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അച്ഛൻ ക്രിസ്‌ത്യാനിയും അമ്മ മുസ്ലീമും. ഇവർ മാത്രമല്ല നീനുവിന്റെ സഹോദരൻ ഷാനുവും പ്രണയിച്ചുതന്നെയാണ് വിവാഹിതരായത്. അങ്ങനെ നോക്കിയാൽ, പ്രണയത്തോടോ മതത്തോടോ യാതൊരു എതിർപ്പുമുള്ളവരല്ലെന്ന് വ്യക്തം. സ്വന്തം പ്രണയം വലുതാണെന്നും മഹത്വമുള്ളതാണെന്നും വിശ്വസിച്ച ചാക്കോയും ഷാനുവും എന്തിന് നീനുവിന്റെ പ്രണയത്തിന് മാത്രം വിലക്കുകൽപ്പിച്ചു? ഉത്തരം ഒന്നേയുള്ളു - ജാതി.
അതെ, നീനുവിന്റെ കുടുംബക്കാർക്ക് പ്രശ്‌നം കെവിന്റെ ജാതിയും സ്റ്റാറ്റസുമായിരുന്നു. ഒരേ മതമായിരുന്നെങ്കിലും കെവിൻ താഴ്‌ന്ന ജാതിയിൽ പെട്ട ആളായിരുന്നു. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബവും. തങ്ങളുടെ അന്തസ്സിനും ആഭിജാത്യത്തിനും ഇണങ്ങാത്ത ഒരു കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കാൻ ചാക്കോയെന്ന 'പിതാവിന്റെ' ദുരഭിമാനം അനുവദിച്ചില്ല.
തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നീനുവിന്റെ ജീവിതം ചോദ്യചിഹ്‌നമാക്കിയിരിക്കുകയാണ് അവർ. പ്രണയം മാത്രമാണോ ഇവിടെയുള്ള തെറ്റ്? സ്വന്തം ഇഷ്‌ടത്തിന് ജീവിത പങ്കാളിയെ കണ്ടെത്തുന്നതാണോ ഇവിടെ ഉണ്ടായ പ്രശ്‌നം? പറച്ചിലിൽ മാത്രമേ ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ ഉള്ളൂ. അക്ഷരാർത്ഥത്തിൽ ഇവിടെ വലുത് ജാതിയും മതവും തന്നെയാണ്. ജാതിയും മതവും നോക്കി മാത്രം പ്രണയിക്കേണ്ട അവസ്ഥയാണ് ആതിരയുടെയും കെവിന്റെയും കൊലപാതകം പറഞ്ഞുതരുന്നത്.
ദളിതരും മനുഷ്യരാണെന്ന വസ്‌തുത ദുരഭിമാനവും പേറി നടക്കുന്നവർ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇനിയും ആതിരയും കെവിനും ഒക്കെ നമുക്കിടയിൽ നിന്ന് ഉണ്ടായേക്കാം. ആതിരയുടെ മരണത്തോടെ ദുരഭിമാന കൊലപാതകത്തിന്റെ അവസാന ഇര ഇവളെന്ന് നാം പറഞ്ഞു. ഇപ്പോൾ ആതിരയ്ക്ക് പകരം കെവിൻ. ഇപ്പോഴും നാം പറയുന്നു, ഇത് അവസാനത്തേതാകട്ടെയെന്ന്. പക്ഷേ നമുക്ക് തന്നെയറിയാം, പേരുകൾ മാത്രമേ മാറുന്നുള്ളൂ. സാഹചര്യവും മനുഷ്യനും അവന്റെ ദുരഭിമാനവും ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്ന്. എന്നിരുന്നാലും ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്തേണ്ടത് നാം ഓരോരുത്തരും തന്നെയാണ്.